മണ്ണഞ്ചേരി: കുറുകെ ചാടിയ നായെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്കിൽനിന്ന് വീണ് യുവാവ് മരിച്ചു. വളവനാട് സ്വയംപ്രഭ പടിഞ്ഞാറ് ഗോകുലത്തിൽ (മഠം) ജി. അരുണാണ് (38) മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30ന് ആര്യാട് കോമളപുരം സ്പിന്നേഴ്സിന് തെക്ക് പാലത്തിലായിരുന്നു അപകടം. ആലപ്പുഴയിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അരുൺ സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് ചാടിയ നായെ ഇടിച്ച് ബൈക്കുമായി റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഹെൽമറ്റും തകർന്ന നിലയിലാണ്.
ശബ്ദംകേട്ട് സമീപത്തെ വർക്ക്ഷോപ്പിലെ ജീവനക്കാരെത്തിയാണ് അരുണിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമികശുശ്രൂഷ നൽകിയശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തോണ്ടൻകുളങ്ങരയിലെ ജിംനേഷ്യത്തിലെ പരിശീലകനായ അരുൺ ഇവിടെനിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. ഭാര്യ: രശ്മി. മക്കൾ: അദ്വൈത്, അദിതി.