അമ്പലപ്പുഴ: വീട്ടിൽനിന്ന് കാണാതായ വിദ്യാർഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമേട സനലാലയത്തിൽ സനൽ-സിന്ധു ദമ്പതികളുടെ മകൻ ആരോമലാണ് (16) മരിച്ചത്. വീടിന് ഒരുകിലോമീറ്റർ അകലെ കരുമാടി ആയുർവേദ ആശുപത്രിക്ക് സമീപത്തെ തോട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. വെള്ളിയാഴ്ച രാത്രി 12ഓടെയാണ് ആരോമലിനെ വീട്ടിൽനിന്ന് കാണാതായത്. ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതിനൽകി. തിരച്ചിൽ നടത്തുന്നതിനിടെ ഞായറാഴ്ച പുലർച്ച നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സഹോദരൻ: അനൂപ്.