തിരൂരങ്ങാടി: അഞ്ചു വർഷം മുമ്പ് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെന്നിയൂർ കൊടിമരം സ്വദേശി ആറാട്ടുതൊടിക സൈദലവി മുസ്ലിയാരുടെ മകൻ മുശ്താഖ് ഫാദിലി (27) ആണ് മരിച്ചത്. അഞ്ചു വർഷം മുമ്പ് സുഹൃത്തിെൻറ വീട് താമസച്ചടങ്ങിൽ പങ്കെടുക്കാൻ കൂട്ടുകാർക്കൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന മുശ്താഖ് മഞ്ചേരി കാരക്കുന്നിന് സമീപം അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ താനൂർ സ്വദേശിയും എസ്.എസ്.എഫ് താനൂർ സെക്ടർ പ്രസിഡൻറുമായ സുബൈർ ഫാദിലി തൽക്ഷണം മരിക്കുകയും മറ്റു രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന മുശ്താഖ് ഫാദിലി വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് മരിച്ചത്. വെന്നിയൂർ യൂനിറ്റ് എസ്.എസ്.എഫ് പ്രസിഡൻറായിരുന്നു. മാതാവ്: സ്വഫിയ. സഹോദരങ്ങൾ: ഇസ്ഹാഖ്, ഉനൈസ്, നസീറ, സുഹൈല.