അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. പിള്ളപ്പാറ മലയൻ കോളനിയിലെ രാജേഷാണ് (34) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം. ബന്ധുവായ രാജനോടൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. റോഡിൽനിന്ന് നാല് കിലോമീറ്റർ അകലെ സമര ബ്ലോക്ക് എന്ന സ്ഥലത്തുവെച്ചാണ് ഇരുവരും കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. രാജൻ ഓടിമാറി. രാജേഷിനെ ആന തുമ്പിക്കൈയിൽ ചുറ്റി എറിയുകയായിരുന്നു. രാജൻ മറ്റുള്ളവരെ സഹായത്തിനായി വിളിച്ചുകൂട്ടിയെങ്കിലും രാജേഷ് മരിച്ചിരുന്നു. മാതാവ്: മാതു. സഹോദരി: രാധിക.