ചാത്തന്നൂർ: അവധിക്ക് നാട്ടിലെത്തിയ യുവസൈനികൻ കാറിടിച്ച് മരിച്ചു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം ആനാംചാൽ അനന്തുഭവനിൽ സോമൻ-സുജ ദമ്പതിമാരുടെ മകൻ അനന്തു (22) ആണ് മരിച്ചത്.
ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴ, കുട്ടനാട് ഭാഗങ്ങളിലേക്ക് ഉല്ലാസയാത്ര പോയിരുന്നു. വ്യാഴാഴ്ച പുലർച്ച ചാത്തന്നൂരിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം. സുഹൃത്തിെൻറ ബൈക്കിൽ നിന്നിറങ്ങി പാതയോരത്ത് നിൽെക്ക അമിതവേഗത്തിലെത്തിയ കാർ അനന്തുവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
രണ്ട് വർഷം മുമ്പ് കരസേനയിൽ ചേർന്ന അനന്തു ഒരാഴ്ച മുമ്പാണ് അവധിക്കെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സഹോദരി: സ്വാതി (കല്യാണി). സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ.