കാഞ്ഞാണി: കണ്ടശ്ശാംകടവ് മാമ്പുള്ളിയിൽ മാതാപിതാക്കളേയും മകനേയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോരത്ത് കുടുംബ ക്ഷേത്രത്തിനു സമീപം കോരത്ത് ഗോപാലൻ (73), ഭാര്യ മല്ലിക (65), മകൻ റിജോയ് (40) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുടുംബ ക്ഷേത്രം തുറക്കാൻ എത്തിയ ജീവനക്കാരൻ താക്കോൽ തിരക്കി വീട്ടിലെത്തിയപ്പോഴാണ് മരിച്ചതറിഞ്ഞത്. ആത്മഹത്യ കുറിപ്പും കണ്ടെത്തി. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് അന്തിക്കാട് പൊലീസിൽ പരാതി നിലവിലുണ്ട്. റിജോയുടെ ഭാര്യ രമ്യയെ ഭർത്താവും ഭർതൃവീട്ടുകാരും ഈയിടെ മർദിച്ചിരുന്നു. അടിയേറ്റ ഇവർ അന്തിക്കാട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ട ഇവർ അന്തിക്കാട്ടെ സ്വന്തം വീട്ടിലാണ് കഴിയുന്നത്. കുടുംബ കലഹം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കയർ വകുപ്പിൽ ജീവനക്കാരനായിരുന്നു മരിച്ച ഗോപാലൻ. ഭാര്യ മല്ലിക കരിക്കൊടി കയർ വ്യവസായ സംഘത്തിലെ താൽക്കാലിക സെക്രട്ടറിയായിരുന്നു. മകൾ: രഹന. റിജോയിയുടെ ഭാര്യ: രമ്യ. മകൻ: ഹൃതിൻ കൃഷ്ണ.