കൊട്ടാരക്കര: മകനും സുഹൃത്തും നോക്കിനില്‍ക്കെ സിവിൽ പൊലീസ് ഓഫിസർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. കൊട്ടാരക്കര നീലേശ്വരം അനൂപ് ഭവനില്‍ എൽ. അനൂപ് (36) ആണ് മരിച്ചത്. വെഞ്ഞാറമൂട് പിരപ്പന്‍കോട് ക്ഷേത്രക്കുളത്തിൽ ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.ഭാര്യ കവിതക്ക് സര്‍വേ വകുപ്പില്‍ ജോലി ലഭിച്ചതിനെ തുടർന്ന് പരിശീലനത്തിനാണ് അനൂപും കുടുംബവും വെഞ്ഞാറമൂട്ടിലെത്തിയത്. കൊട്ടാരക്കരക്കാരനായ സുഹൃത്തിെൻറ വെഞ്ഞാറമൂട്ടിലുള്ള വീട്ടിലാണ് താമസിച്ചത്. ഇവിടെ നിന്ന് പിരപ്പന്‍കോട് ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയി.അനൂപ് മകന് ആദിത്യവർധനുമൊത്ത് ക്ഷേത്രക്കുളത്തിലിറങ്ങി. ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വാട്സ്ആപ് സ്റ്റാറ്റസുമിട്ടു. മകനെ കരക്ക് കയറ്റിയ ശേഷം അനൂപ് വീണ്ടും കുളത്തിലിറങ്ങിയപ്പോൾ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. കരക്ക് നിന്നവരും കുളത്തിലുണ്ടായിരുന്നവരും ചേര്‍ന്ന് പുറത്തെടുത്ത് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഔദ്യോഗിക ബഹുമതികളേടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. കേരള പൊലീസില്‍ സിവില്‍ പൊലീസ് ഓഫിസറായ അനൂപ് ഡെപ്യൂട്ടേഷനില്‍ പുനലൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്നു.