തിരുവല്ല: കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്നു; പിന്നീട് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ മകൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവല്ല നെടുമ്പ്രം നാലാം വാർഡിൽ ആലപ്പാട്ട് ഭാഗത്ത് തെക്കേവീട്ടിൽ സാറാമ്മ (59), ഭർത്താവ് ടി.ടി. മാത്യു (65) എന്നിവരാണ് മരിച്ചത്. മുപ്പത്തിയഞ്ചുകാരിയായ മകൾ ലിജിയെ തിരുവല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച പന്ത്രണ്ടരയോടെയിരുന്നു സംഭവം. കന്നാസിൽ കരുതിയ പെട്രോൾ ഉറങ്ങിക്കിടന്ന സാറാമ്മയുടെമേൽ ഒഴിച്ച് മാത്യു തീ കൊളുത്തി. വീട്ടിലെ രണ്ട് മുറികൾ പൂർണമായി കത്തിനശിച്ചു. തീ കെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മകൾ ലിജിക്ക് പൊള്ളലേറ്റത്. സാറാമ്മയെയും ലിജിയെയും െപാലീസും നാട്ടുകാരും ചേർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇതിന് പിന്നാലെ പുലർച്ച മൂന്നോടെ മാത്യുവിനെ വീടിനുസമീപം മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗുരുതര പൊള്ളലേറ്റ സാറാമ്മ പുലർച്ച നാലരയോടെ മരണത്തിന് കീഴടങ്ങി. പിന്നീട് ലിജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുളിക്കീഴ് െപാലീസ് കേസെടുത്തു. പത്തനംതിട്ടയിൽനിന്ന് വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. മകൻ: മജു. ഇരുവരുടെയും സംസ്കാരം പിന്നീട് നടക്കും.