അഞ്ചൽ: ബൈക്ക് മതിലിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. പൊടിയാട്ടുവിള വിഷ്ണുഭവനിൽ വിഷ്ണു (24) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഏഴോടെ പൊടിയിട്ടുവിള പുന്നക്കാട് ജങ്ഷനു സമീപമാണ് അപകടം.
ബൈക്കിൽ വിഷ്ണുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കിരണിനെ (21) പരിക്കുകളോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാളകത്തുനിന്ന് ഇരുവരും പൊടിയാട്ടുവിളയിലേക്ക് ബൈക്കിൽ വരവെ നിയന്ത്രണംതെറ്റി റോഡരികിലെ മതിലിൽ ഇടിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് രക്തം വാർന്ന് റോഡിൽ കിടക്കുകയുണ്ടായി.
ഒപ്പമുണ്ടായിരുന്ന കിരണിനും ബോധമില്ലായിരുന്നു. ഏറെ നേരത്തിനുശേഷം അതുവഴി വന്ന നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന ഇരുവരെയും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11 ഓടെ മരിച്ചു. കശുവണ്ടിത്തൊഴിലാളിയായ ഗിരിജയാണ് മാതാവ്. ഇവരുടെ ഏക മകനാണ് വിഷ്ണു.
കൊട്ടാരക്കര പൊലീസ് കേസെടുത്തു.