കല്ലമ്പലം: റോഡരികിൽ നിന്ന വൃദ്ധൻ ബൈക്കിടിച്ച് മരിച്ചു. ചേന്നൻകോട് മുള്ളറംകോട് മുള്ളുവിള വീട്ടിൽ പുഷ്പാംഗദൻ (76) ആണ് മരിച്ചത്. ചേന്നൻകോട് പ്രസിഡൻറ് ജങ്ഷന് സമീപം ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
സമീപത്തെ ചായക്കടയിൽനിന്ന് ചായ കുടിച്ചശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങിയ ഉടനെയായിരുന്നു ഞെക്കാടുനിന്ന് കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ പുഷ്പാംഗതൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ മരിച്ചു. ഭാര്യ: രാധ. മക്കൾ: ഷിബു, ഷീബ, ഷിബി, ഷിനു. മരുമക്കൾ: ഷൈനി, ഗോപകുമാർ, സുമ, ശരണ്യ. കല്ലമ്പലം പൊലീസ് കേസെടുത്തു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.