ചാലക്കുടി: ചാലക്കുടിപ്പുഴ നീന്തിക്കടക്കുന്നതിനിടെ അവശ സ്ഥിതിയിലായ പുരോഹിതൻ മരിച്ചു. കിടങ്ങൂർ പടയാട്ടിൽ വീട്ടിൽ ഫാ. സെബാസ്റ്റ്യൻ പടയാട്ടിൽ (54) ആണ് മരിച്ചത്. കാടുകുറ്റിയിലെ ബന്ധുവീട്ടിൽ വന്നതാണ് ഇദ്ദേഹം. ഇവിടെയെത്തിയാൽ പുഴയിൽ നീന്താൻ പോകുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ബന്ധുവീട്ടിലെത്തിയ ഇദ്ദേഹം അടുത്ത ബന്ധുക്കളോടൊപ്പം ആറങ്ങാലി കടവിൽ കുളിക്കാൻ പോയപ്പോഴാണ് സംഭവം. കാടുകുറ്റി ഭാഗത്ത് നിന്ന് പടിഞ്ഞാറേ ചാലക്കുടി ഭാഗത്തേക്ക് നീന്തി കടക്കുന്നതിനിടെ ഇദ്ദേഹം അവശനായി നീന്തി കയറുകയായിരുന്നു. തുടർന്ന് കരയിൽ ഏതാനും ദൂരം നടക്കുന്നതിനിടെ കുഴഞ്ഞു വീണു. ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. എറണാകുളം ഭാഗത്ത് ആശ്രമത്തിലെ അന്തേവാസിയാണ്.