ഒല്ലൂര്‍: അഞ്ചേരി ഉല്ലാസ് നഗറില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തു. മുല്ലപ്പിള്ളി വീട്ടില്‍ രാജഗോപാലനാണ് (രാജൻ -66) ഭാര്യ ഓമനയെ (60) കൊലപ്പെടുത്തി തീകൊളുത്തി മരിച്ചത്. ശനിയാഴ്ച പുലര്‍ച്ച മൂന്നോടെയായിരുന്നു സംഭവം. തടയാന്‍ ചെന്ന മക്കള്‍ക്കും പരിക്കേറ്റു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഓമനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. എല്ലാവരും ഓമനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്ത് രാജന് വിറകുപുരയില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വിറകുപുരയില്‍ കണ്ടെത്തി. സാമ്പത്തിക പ്രശ്നങ്ങളും കുടുംബ വഴക്കുമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. ഒരാഴ്ച മുമ്പാണ് ഓമനയുടെ അമ്മ മരിച്ചത്. രാജന് കെ.എസ്.ആര്.ടി.സി റിട്ട. ഡ്രൈവറാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവര്‍മഠത്തില്‍. ഒല്ലൂര്‍ എ.സി.പി സി.എം. ദേവദാസിെൻറ നേതൃത്വത്തിൽ പൊലീസ് എത്തി മേല്‍നടപടി സ്വീകരിച്ചു. മക്കള്‍: മഹേഷ്, രാജേഷ് (കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്), ജയദീപ്. മരുമക്കള്‍: ശ്രീലക്ഷ്മി, നീതു.