തളിക്കുളം: തളിക്കുളത്തെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും ആർ.എം.പി പ്രവർത്തകനുമായിരുന്ന പത്താം കല്ല് വാലത്ത് വീട്ടിൽ വി.വി. വിജയൻ (94) നിര്യാതനായി. പത്താംകല്ല് സി.എം.എസ്.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്.1948ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം ലംഘിച്ച് പത്താംകല്ല് മുത്തൻമാവിൽ പാർട്ടി യോഗം നടത്തിയതിന് 11 മാസം സേലം, കണ്ണൂർ എന്നിവിടങ്ങളിലായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.1964ലെ പാർട്ടി പിളർപ്പിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്നെങ്കിലും വർഷങ്ങൾക്കു ശേഷം സി.പി.എമ്മിലെത്തിയ അദ്ദേഹം പാർട്ടി അംഗമായി രാഷ്ട്രീയത്തിൽ സജീവമായി. 2003ൽ തളിക്കുളത്ത് സി.പി.എം പ്രാദേശികമായി പിളർന്നതോടെ പിളർന്നുപോന്ന വിമത പക്ഷത്ത് നിലയുറപ്പിച്ചു. തുടർന്ന് ആർ.എം.പി.ഐയോടൊപ്പമായി. പ്രായാധിക്യം മൂലം വർഷങ്ങളായി പൊതുരംഗത്തുനിന്ന് മാറി നിൽക്കുകയായിരുന്നുവെങ്കിലും ആർ.എം.പി.ഐ അംഗത്വം പുതുക്കിയിരുന്നു. ഭാര്യ: പരേതയായ യശോദ (റിട്ട. അധ്യാപിക). മക്കൾ: മീര (അധ്യാപിക, എ.എം.യു.പി സ്കൂൾ തളിക്കുളം), വിമലൻ. മരുമക്കൾ: അഡ്വ. രാധാകൃഷ്ണൻ, സരിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.