ഒരുമനയൂർ: ദേശീയപാതയിൽ വാഹനാപകടത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. കൊല്ലം ചവറ സ്വദേശി സുരേഷാണ് (70) മരിച്ചത്. ബുധനാഴ്ച രാത്രി 10.30ഓടെ ഒരുമനയൂർ മാങ്ങോട്ടുപടി സെൻററിലായിരുന്നു അപകടം. ഇടിച്ച വാഹനം നിർത്താതെ പോയി. കാലിന് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സുരേഷ് വർഷങ്ങളായി മാങ്ങോട്ടുപടിയിലാണ് താമസം. കടകളുടെ വരാന്തകളിലാണ് ഉറക്കം. രാത്രി എന്തോ ആവശ്യത്തിന് റോഡിലേക്കിറങ്ങിയപ്പോഴാണ് അജ്ഞാത വാഹനമിടിച്ചത്. നിർത്താതെ പോയ വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.