കൽപകഞ്ചേരി: ഇടുക്കിയിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ വിദ്യാർഥി മുങ്ങിമരിച്ചു. കൽപകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിൽ നിന്ന് പോയ ടൂർ സംഘത്തിലുണ്ടായിരുന്ന വളവന്നൂർ ചെറവന്നൂരിലെ കടായിക്കൽ അബ്ദുന്നാസർ എന്ന മാനുപ്പയുടെ മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. പ്ലസ് ടു സയൻസ് വിദ്യാർഥിയാണ്. പ്ലസ് ടു, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ വിദ്യാർഥികൾ കഴിഞ്ഞ ദിവസമാണ് വിനോദയാത്ര പോയത്. ബുധനാഴ്ച വൈകീട്ട് ആറോടെ രാമക്കൽമേടിലെ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെയാണ് സംഭവം. ഇടുക്കി കട്ടപ്പന മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചെറവന്നൂർ വടക്കേ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: നിഷിദ. സഹോദരി: നിയ ഫാത്തിമ.