പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ സീനിയർ വൈദികൻ വയലത്തല ഓലിക്കൽ എം.എം. മാത്യൂസ് കോർ എപ്പിസ്കോപ്പ (96) നിര്യാതനായി. ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്ക ബാവയുടെ സെക്രട്ടറിയായിരുന്നു. സഭ മാനേജിങ് കമ്മിറ്റിയിലും വിവിധ ഉന്നത സമിതികളിലും പ്രവർത്തിച്ചിരുന്നു. ആയിരൂർ മതാപാറ, തടിത്ര, കുരിശുമുട്ടം, കാട്ടൂർ, തിരുമുറ്റം, വയലത്തല, കടമ്മനിട്ട, മണ്ണാറക്കുളഞ്ഞി, കീക്കൊഴൂർ, നാറാണംമൂഴി, തോട്ടമൺ, മാക്കാംകുന്ന്, കുന്നൂർ, ഊട്ടി, നീലഗിരി, ഗൂഡല്ലൂർ തുടങ്ങിയ ദേവാലയങ്ങളിൽ വികാരിയായിരുന്നു. ഭാര്യ: വെണ്ണിക്കുളം ചുരുളുകുഴിയിൽ കുടുബാംഗം അന്നമ്മ. മക്കൾ: സാബു ഓലിക്കൽ (ചെറുകോൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്, കുവൈത്ത് അഹലി യുനൈറ്റഡ് ബാങ്ക് മുൻ ഉദ്യോഗസ്ഥൻ), ഓമന (കുവൈത്ത്), കൊച്ചുമോൾ (കുവൈത്ത്). മരുമക്കൾ: ജൂലി ആനി സാബു (അധ്യാപിക, സി.എം.എസ് ഹൈസ്കൂൾ, കുമ്പളാംപൊയ്ക), ക്രിസ്റ്റി കുളത്തൂർ, കടമ്മനിട്ട (ജനറൽ മാനേജർ, കോസ്റ്റ് ഇൻവെസ്റ്റ്മെൻറ് കുവൈത്ത്), വിജി കാലായിൽ, തെക്കേമല (കുവൈത്ത്).
ഭൗതികശരീരം ശനിയാഴ്ച രണ്ടിന് കോഴഞ്ചേരി പൊയ്യാനിൽ മോർച്ചറിയിൽനിന്ന് എടുത്തശേഷം കാട്ടൂർ, കീക്കൊഴൂർ, വയലത്തല ബെത്സീൻ, സെൻറ് മേരീസ് എന്നീ ദേവാലയ അങ്കണങ്ങളിൽ നഗരി കാണിക്കലിനുശേഷം മാതൃ ഇടവകയായ വയലത്തല മാർ സ്ലീബ വലിയ പള്ളിയിൽ പൊതുദർശനത്തിനുവെക്കും. സന്ധ്യ നമസ്കാരത്തിനുശേഷം ഭവനത്തിൽ എത്തിക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിലെ ശുശ്രൂഷ ആരംഭിച്ച് വയലത്തല മാർ സേവേറിയോസ് സ്ലീബ വലിയ പള്ളിയിൽ 10.30ന് പൊതുദർശനത്തിനും ശുശ്രൂഷക്കും ശേഷം രണ്ടിന് സംസ്കാരം നടക്കും.