അഞ്ചേരിച്ചിറ: തൃശൂർ കേബിൾ വിഷൻ (ടി.സി.വി) സീനിയർ റിപ്പോർട്ടർ ജിയോ സണ്ണി (43) നിര്യാതനായി. എലുവത്തിങ്കൽ വെള്ളാമ്പ്ര പരേതനായ സണ്ണിയുടെ മകനാണ്. കോവിഡ് മുക്തനായ ശേഷം തിരികെ ജോലിയിൽ പ്രവേശിച്ച ജിയോ ശനിയാഴ്ച രാവിലെ ഒമ്പതോടെ അഞ്ചേരിച്ചിറയിലെ ഹൈലൈഫ് ഫ്ലാറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒട്ടേറെ ഡോക്യുമെൻററി-ഹ്രസ്വചിത്രങ്ങൾ അണിയിച്ചൊരുക്കിയ ജിയോ സണ്ണി തിരക്കഥ എഴുതി സിനിമ ഒരുക്കാനുള്ള തയാറെടുപ്പിലായിരുന്നു. പുലിക്കളിയിലൂടെ പ്രശസ്തനായ ചാത്തുണ്ണിയെക്കുറിച്ചുള്ള ഡോക്യുഫിക്ഷൻ ‘ഏക് ദിൻ കി സുൽത്താൻ’, തീവണ്ടി യാത്രകളെ ഏറെ സ്നേഹിച്ച ലൂവീസിനെക്കുറിച്ചുള്ള ഡോക്യുമെൻററി എന്നിവ ശ്രദ്ധേയമാണ്. ‘മണവാട്ടി’, ‘കരക്കമ്പി’ ഉൾപ്പെടെ ഒട്ടേറെ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളുമായി ചേർന്ന് തൃശൂർ പൂരത്തെക്കുറിച്ച് ‘പൂരത്തിെൻറ കഥ’ പുസ്തകം പ്രസിദ്ധീകരിച്ചു. നാഷനൽ ടുബാക്കോ കൺട്രോൾ പരിപാടിയുടെ ഭാഗമായി ജില്ല ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിൽ ജിയോ സംവിധാനം ചെയ്ത ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ഒന്നാമതെത്തിയിരുന്നു. കലക്ടർ അവാർഡ് പ്രഖ്യാപിക്കാനിരിക്കെയാണ് മരണം. മാതാവ്: മേരി. ഭാര്യ: അനു (അസി. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശൂർ ഹൈറോഡ് ശാഖ). മക്കൾ: ജോയൽ, ജോഷ്വ. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ഒരുമണിക്കൂർ തൃശൂർ പ്രസ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. അവിടെനിന്ന് അഞ്ചേരിച്ചിറയിലെ ഫ്ലാറ്റിൽ കൊണ്ടുപോകും. സംസ്കാരം വൈകീട്ട് അഞ്ചിന് നെല്ലിക്കുന്ന് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.