നേമം: അനാശാസ്യം ചോദ്യംചെയ്തതിന് പെൺവാണിഭസംഘം യുവാവിനെ സ്ക്രൂഡ്രൈവറുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. വലിയശാല മൈലാടികടവ് പാലത്തിന് സമീപം ടി.സി 23/280 തുണ്ടിൽവീട്ടിൽ ശ്രീകുമാരൻ നായരുടെ മകൻ വൈശാഖ് (34) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ കരമന പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെക്കൂടി പൊലീസ് അന്വേഷിച്ചുവരുന്നു.ഞായറാഴ്ച രാവിലെ ഏഴ് മണിയോെട കിള്ളിപ്പാലം പി.ആർ.എസ് ആശുപത്രിക്ക് സമീപം സി.ഐ.ടി.യു റോഡിനടുത്തുള്ള അപ്പാർട്മെൻറിലാണ് സംഭവം. അനാശാസ്യസംഘം തമ്പടിച്ചിരിക്കുന്നു എന്ന വിവരത്തെതുടർന്നാണ് ഫ്ലാറ്റ് മാനേജരായ യുവാവ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. വൈശാഖ് ഫ്ലാറ്റിലെ ഒരു മുറിയിൽ എത്തുകയും സംഘവുമായി വാക്തർക്കമുണ്ടാവുകയും ചെയ്തു. പ്രകോപിതരായ സംഘം സ്ക്രൂഡ്രൈവറുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വൈശാഖിെൻറ ശരീരത്തിൽ 70 ഓളം കുത്തുകൾ ഏറ്റിട്ടുണ്ട് എന്നാണ് നിഗമനം. കരമന പൊലീസ് രണ്ടുസ്ത്രീകൾ ഉൾപ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.