അരൂർ: ദേശീയപാതയിൽ തുമ്പോളിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കാർയാത്രികരായ ദമ്പതികൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കാർ ഓടിച്ച എരമല്ലൂർ കണ്ണന്തറ നികർത്തിൽ രാഹുൽ (28), ഭാര്യ ഹരിത(27) എന്നിവരാണ് മരിച്ചത്. രാഹുലിെൻറ കുടുംബ സുഹൃത്തായ എരമല്ലൂർ പുണർതം വീട്ടിൽ വേണുഗോപാൽ(48), ഭാര്യ സീന(35), ഇവരുടെ മക്കളായ വിനയ (14), വൈഷ്ണവ്(10)എന്നിവർക്കാണ് പരിക്കേറ്റത്. സീനയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുമൂന്നുപേരെ നെട്ടൂർ ലേക് ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 12.30 ഓടെയാണ് അപകടം. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഏവിയേഷൻ ഓയിലുമായി കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു ടാങ്കർ ലോറി. ആലപ്പുഴയിൽ നിന്നെത്തിയ അഗ്നി രക്ഷാസേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ലോറിക്കടിയിൽപ്പെട്ട കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. ലോറിയുടെ മുൻഭാഗം മാത്രം തകർന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. അപകടത്തെത്തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി. ഇരുവരുടെയും സംസ്കാരം ഈമാസം ഒമ്പതിന് വീട്ടുവളപ്പിൽ നടക്കും. മർച്ചൻറ് നേവി ഉദ്യോഗസ്ഥനാണ് രാഹുൽ. പിതാവ്: രാജു. മാതാവ്: സുമ. സഹോദരൻ: സുജിത്ത്.