അഞ്ചൽ: എം.സി റോഡിൽ ആയൂർ പാലത്തിന് സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഗുരുതര പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പൗഡിക്കോണം ജലജ വിലാസത്തിൽ സുചിത്രൻ (40) ആണ് മരിച്ചത്. ബൈക്ക് യാത്രികനായ തേവന്നൂർ അനന്തു ഭവനിൽ അനന്തു (28) വിന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. ആയൂർ ഭാഗത്തുനിന്ന് ചടയമംഗലം ഭാഗത്തേക്ക് പോയ കാർ പെട്ടെന്ന് വലതുവശത്തേക്ക് മാറിയപ്പോൾ പിന്നാലെയെത്തിയ ബുള്ളറ്റിൽ തട്ടി നിയന്ത്രണം തെറ്റുകയും എതിരെ വന്ന മറ്റൊരു ബൈക്കിൽ ഇടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബുള്ളറ്റ് യാത്രികൻ സുചിത്രനെ നാട്ടുകാർ ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽപെട്ട സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ യാത്രികരെക്കുറിച്ചും അപകടത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി ചടയമംഗലം പൊലീസ് അറിയിച്ചു.