ആലത്തൂർ: കാവശ്ശേരി പത്തനാപുരത്ത് കാണാതായ വിദ്യാർഥിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം പുളിംചുവട്ടിലെ പരേതനായ ഇക്ബാലിെൻറ മകൻ ഹബീബാണ് (15) മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാല് മുതലാണ് കുട്ടിയെ കാണാതായത്.
വീട്ടുകാരും സമീപവാസികളും ചേർന്ന് തിരയുന്നതിനിടെ വീട്ടിൽനിന്ന് അര കിലോമീറ്റർ അകലെ വട്ടപ്പാറയിലെ പഴയ പാറമടക്കു സമീപം കുട്ടിയുടെ ഷർട്ട്, മാസ്ക്, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസും അഗ്നിരക്ഷ സേനയും രാത്രി 8.30 വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ പാലക്കാക്കൂനിന്ന് സ്കൂബ ടീമെത്തും മുമ്പ് അഗ്നിരക്ഷ സേന പാറമടയിലെ അധികം ആഴമില്ലാത്ത ഭാഗത്തുനിന്ന് 8.30ഓടെ മൃതദേഹം കണ്ടെടുത്തു. പാറമടയിൽ കുട്ടികൾ കുളിക്കാൻ പോകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുളിക്കാനിറങ്ങി അപകടം പറ്റിയതാകാമെന്നാണ് കരുതുന്നത്.
കുഴൽമന്ദം ചരപറമ്പിലെ യതീംഖാനയിൽ താമസിച്ച് പഠിക്കുകയായിരുന്നു ഹബീബ്. വ്യാഴാഴ്ച കുഴൽമന്ദം ഗവ. ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ടതായിരുന്നു.
മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി 5.30ഓടെ വീട്ടിലെത്തിച്ച് രാത്രി ഏഴോടെ തോണിപ്പാടം ആനകുത്താംപാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: റഹ്മത്ത്. സഹോദരങ്ങൾ: അലി, റാഫിയ, അഷ്റഫ്, ഷഹന.