കാട്ടാനയുടെ ആക്രമണത്തിലാകാം മരണമെന്നാണ് പ്രാഥമിക നിഗമനം
കടയ്ക്കല്‍: ശംഖിലി വനത്തില്‍ വെറ്റില പറിക്കാന്‍ പോയ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ജില്ല അതിര്‍ത്തിയിലെ മടത്തറ ശാസ്താംനട പുള്ളേക്കാട് ചതുപ്പില്‍ സദാനന്ദൻ (60) ആണ് മരിച്ചത്. ശരീരമാസകലം പരിക്കേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് വീട്ടില്‍നിന്നു കാട്ടിലേക്കുപോയ സദാനന്ദന് രാവിലെയായിട്ടും മടങ്ങിവരാത്തതിനെ തുടര്‍ന്ന് സഹോദരെൻറ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് വ്യാഴാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
റേഞ്ച് ഓഫിസര്‍ ശെല്വരാജിെൻറ നേതൃത്വത്തില്‍ വനംവകുപ്പ് അധികൃതരും പാലോട് പൊലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സുഭദ്ര. മക്കള്‍: ബിജു, ബിനു.