മഞ്ചേരി: എളങ്കൂര്‍ കുട്ടശ്ശേരിയില് ടിപ്പർ ലോറി നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി ലോറിക്കടിയിൽപ്പെട്ട് വർക്ഷോപ്പ് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. തൃക്കലങ്ങോട് ആനക്കോട്ടുപുറം സ്വദേശി പനനിലത്ത് വീട്ടില്‍ റിയാസുദ്ദീന്‍ (22) ആണ് മരിച്ചത്. വെള്ളിയാഴ്ച പകൽ മൂന്നോടെയാണ് സംഭവം. കുട്ടശ്ശേരിയിലേക്ക് കല്ലുമായി എത്തിയ ലോറി യന്ത്രത്തകരാര്‍ ആയതിനെ തുടര്‍ന്നാണ് ചെരണിയിലെ വർക്ഷോപ്പ് ജീവനക്കാരനായ റിയാസുദ്ദീനും സഹപ്രവര്‍ത്തകനും കൂടി എളങ്കൂറില്‍ എത്തിയത്. വാഹം നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി റിയാസുദ്ദീെൻറ ദേഹത്ത് വീഴുകയായിരുന്നു. സമീപത്തുള്ളവര്‍ ലോറി പൊക്കി റിയാസുദ്ദീനെ പുറത്തെടുത്ത് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച രാവിലെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ആനക്കോട്ടുപുറം എം.എസ്.എഫ് യൂനിറ്റ് ട്രഷറർ ആണ്. പിതാവ്: പനനിലത്ത് ഉണ്ണിമുഹമ്മദ്. മാതാവ്: സബിദ തടിയംപുറത്ത്. സഹോദരങ്ങള്‍: ഫൈസല്‍, സൈനുല്‍ ആബിദ്.