പട്ടാമ്പി: ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും സി.പി.എം പട്ടാമ്പി ഏരിയ കമ്മിറ്റി അംഗവുമായ വാടാനാംകുറുശ്ശി പുളിയ്ക്കൽ ഉണ്ണികൃഷ്ണൻ (68) നിര്യാതനായി. സി.പി.എം വാടാനാംകുറുശ്ശി ലോക്കൽ സെക്രട്ടറി, പട്ടാമ്പി ഏരിയ കമ്മിറ്റി അംഗം, കേരള കർഷക സംഘം ഏരിയ പ്രസിഡൻറ്, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. കോൺഗ്രസ് ഓങ്ങല്ലൂർ മണ്ഡലം പ്രസിഡൻറായും 30 വർഷം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറായി പ്രവർത്തിച്ച ഉണ്ണികൃഷ്ണൻ 2005ലാണ് കോൺഗ്രസിൽനിന്ന് രാജിവെച്ച് സി.പി. എമ്മിൽ ചേർന്നത്. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലേക്ക് ഏഴുതവണ മത്സരിക്കുകയും അഞ്ചുതവണ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം, സ്ഥിരം സമിതി അധ്യക്ഷൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് മൂന്നോടെ വീട്ടിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ഞായറാഴ്ച രാവിലെ 10 മുതൽ 11വരെ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ പൊതുദർശനത്തിനുവെച്ച ശേഷം ഷൊർണൂർ ശാന്തിതീരത്ത് സംസ്കരിക്കും. പഞ്ചാലിയാണ് ഭാര്യ. മക്കൾ: രാജേഷ്, ഗിരീഷ്, സുരേഷ്, സുപ്രിയ. മരുമക്കൾ: സബ്ന, ജിജിമോൾ, അനിത, ജയരാജ്.