പുനലൂർ: മകൻ ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തെതുടർന്ന് ഒമ്പതംഗ സംഘം വീടാക്രമിച്ച് പിതാവിനെ കൊലപ്പെടുത്തി. സംഭവത്തിൽ രണ്ടുപേരെ പുനലൂർ പൊലീസ് അറസ്റ്റു ചെയ്തു. പുനലൂർ കല്ലാർ പന്ത്രേണ്ടക്കർ തടത്തിൽ വീട്ടിൽ ടാപ്പിങ് തൊഴിലാളി സുരേഷ് ബാബു (56) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. സുരേഷ് ബാബുവിെൻറ മകൻ സുർജിത് രാത്രി എട്ടരയോടെ പന്ത്രണ്ടേക്കറിൽ ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട് കല്ലാറിലുള്ള ചിലരുമായി വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. സംഭവശേഷം സുർജിത് വീട്ടിലെത്തിയതിന് പിന്നാലെ വാക്കേറ്റം ഉണ്ടായവരിൽപ്പെട്ട ചിലരുൾപ്പെടെ മാരാംകോട് നിന്നെത്തിയ സംഘം വീട്ടിലെത്തി സുരേഷ്ബാബു, ഭാര്യ ലത, മകൻ സുർജിത് എന്നിവരെ മർദിച്ചെന്നാണ് പരാതി. മർദനമേറ്റ് റോഡിൽ വീണുകിടന്ന സുരേഷ് ബാബുവിനെയും ഭാര്യയെയും മകനെയും അയൽവാസി പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും സുരേഷ്ബാബു മരിച്ചു. ഇരുവിഭാഗവും മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പുനലൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ജെ. രാകേഷ് അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് അയൽവാസികളായ സുനിൽ, മോഹനൻ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. പൊലീസ് സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഘത്തിലുണ്ടായിരുന്ന നാലുപേരെ തിരിച്ചറിഞ്ഞു. കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേർ ഉൾപ്പെടെയുള്ളവർക്കായി അന്വേഷണം ആരംഭിച്ചു. സുരേഷ് ബാബുവിെൻറ മൃതദേഹം പുനലൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മകൾ: സുറുമി.