നാട്ടുകാർ റോഡ് ഉപരോധിച്ചു
പാലക്കാട്: സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് വയോധികൻ മരിച്ചു. കുനിശ്ശേരി കുതിരപ്പാറ പരുത്തിക്കാട്ടിൽ അബ്ദുറഹ്മാനാണ് (65) മരിച്ചത്. നഗരത്തിലെ കള്ളിക്കാട്-തിരുനെല്ലായ് റോഡിൽ പാളയം ജങ്ഷനിൽ തിങ്കളാഴ്ച ഉച്ചക്ക് 1.15ഒാടെയാണ് സംഭവം. ലോറിക്കടിയിൽപെട്ട അബ്ദുറഹ്മാൻ തൽക്ഷണം മരിച്ചു. കള്ളിക്കാടിൽ മരണവീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇദ്ദേഹം. റോഡിെൻറശോച്യാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് അഞ്ച് മുനിസിപ്പൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ജില്ല കലക്ടറുടെ നിർദേശപ്രകരം പാലക്കാട് തഹസിൽദാർ എത്തി പ്രവൃത്തി ഉടൻ പുനരംഭിക്കുമെന്ന് ഉറപ്പുനൽകിയതിനെതുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. മരിച്ച അബ്ദുറഹ്മാെൻറ ഭാര്യ: പരേതയായ സലീന (എരിമയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: യൂസഫ് (ടീ സ്റ്റാൾ കുതിരപ്പാറ), റിയാസ്, ഷീബ. മരുമക്കൾ: ഷാഹിദ, ഷറീന, ഷാഹുൽ ഹമീദ്.