കൊട്ടിയം: വീട്ടില്‍നിന്ന് സുഹൃത്തുക്കള്‍ വിളിച്ചിറക്കി കൊണ്ടുപോയ യുവാവിനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന. നെടുമ്പന സ്റ്റേഡിയത്തിന് സമീപം സുധാ നിവാസില്‍ സുരേഷ് (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സുരേഷിനെ സുഹൃത്തുക്കള്‍ വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുേപായത്. രണ്ടുദിവസമായിട്ടും മകന് മടങ്ങിയെത്താത്തത് കാരണം വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. കണ്ണനല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ തോട്ടില്‍ മൃതദേഹം കണ്ടത്. പാലമുക്ക് -നല്ലില റോഡില്‍ കളയ്ക്കല്‍ കലുങ്കിന് സമീപം തോട്ടില്‍ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വിസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനകള്‍ക്കുശേഷം ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. ഞായറാഴ്ച രാത്രി മറ്റ് മൂന്നു പേരോടൊപ്പം വയലിലിരുന്ന് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അവിവാഹിതനാണ്. സഹോദരൻ: സുഭാഷ്.