കൊട്ടാരക്കര: റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി ലോറിയിൽ കാറിടിച്ച് ഡ്രൈവർ മരിച്ചു. കരുനാഗപ്പള്ളി തൊടിയൂർ വേങ്ങറ പാപ്പാളിത്തറയിൽ കോയക്കുട്ടിയുടെ മകൻ അബ്ദുൽ സലാം (59) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന പുതിയകാവ് സ്വദേശിനികളായ അനഘ (40), രഞ്ജിനി (40) എന്നിവരെ പരിക്കുകളോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 12ന് പുത്തൂർ കല്ലുംമൂട്ടിലായിരുന്നു അപകടം. കരുനാഗപ്പള്ളി ഭാഗത്തുനിന്ന് വന്ന കാർ കല്ലുംമൂട് ജങ്ഷനിൽ നിർത്തിയിട്ടിരുന്ന മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ അബ്ദുൽ സലാം സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊട്ടാരക്കര നവോദയ സ്കൂളിൽ പഠിക്കുന്ന അനഘയുടെ മകൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനായി പോകുകയായിരുന്നു കാർ യാത്രികരായ സ്ത്രീകൾ. അബ്ദുൽ സലാമിെൻറ മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ. ഭാര്യ: ഹിദായത്ത്. മക്കൾ: ഷംനാദ്, ഷെഫീന. മരുമക്കൾ: റിയാസ്, സജ്ന.