അഞ്ചൽ: എം.സി റോഡിൽ പൊലിക്കോട് ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരൻ മരിച്ചു. വയയ്ക്കൽ കിഴക്കേക്കര അജിൽഭവനിൽ അജിത് (16) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ച അഞ്ചോടെയാണ് മരണം.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വാളകം ഭാഗത്ത് നിന്നും ആയൂർ ഭാഗത്തേക്ക് പോയ ഇരുചക്രവാഹനവും എതിരേ വന്ന വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തിൽ അജിത്തിനോടൊപ്പമുണ്ടായിരുന്ന ഒഴുകുപാറയ്ക്കൽ ഇ.കെ സി ഹൗസിൽ ആൽബിൻ (19) സംഭവദിവസം തന്നെ മരിച്ചു. സുനിൽകുമാർ-സുജാത ദമ്പതികളുടെ മകനാണ് അജിത്. സഹോദരൻ: അജിൽ. വാളകം എം.ടി.എച്ച്.എസിലെ വിദ്യാർഥിയായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയുടെ രണ്ട് പേപ്പർ അജിത് എഴുതിയിരുന്നു.