മാരാരിക്കുളം: പാതിരപ്പള്ളി കാരുണ്യദീപത്തിലെ അന്തേവാസി കോവിഡ് ബാധിച്ച് മരിച്ചു. മറ്റ് 60ഒാളം അന്തേവാസികളെ ക്വാറൻറീനിലേക്ക് മാറ്റി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് കലവൂർ ചിറയിൽ പ്രമോദാണ് (42) മരിച്ചത്. മനോനില നഷ്ടപ്പെട്ട് അവശനിലയിലായ പ്രമോദിനെ നാട്ടുകാരും അധികൃതരും ചേർന്ന് പാതിരപ്പള്ളി കാരുണ്യദീപം പ്രേഷിത ഭവനത്തിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധയെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ചത്. മറ്റ് അന്തേവാസികൾ ക്വാറൻറീനിൽ പ്രവേശിച്ചതോടെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. ഇതിനിടെ, ബന്ധുക്കൾ എന്ന് അവകാശപ്പെട്ട് ചിലർ ഫോണിൽ ബന്ധപ്പെട്ടതായി കാരുണ്യദീപം അധികൃതർ പറയുന്നു. സ്വത്തുരേഖകൾ പ്രമോദ് നേരത്തേ ഭവനം അധികൃതരെ ഏൽപിച്ചിരുന്നു. മൃതദേഹം ഏറ്റുവാങ്ങാൻ തയാറുള്ള ബന്ധുക്കൾ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 9847791717.