പുനലൂർ: പി.എസ്.സി പരീക്ഷക്ക് ബൈക്കിൽ പോയ പുനലൂർ സ്വദേശിയായ ഐ.ടി.ഐ വിദ്യാർഥി ചാത്തന്നൂരിൽ വാഹനാപകടത്തിൽ മരിച്ചു. പുനലൂർ പേപ്പർമിൽ കാഞ്ഞിരമല പുത്തൻവീട്ടിൽ ഷിബു എ. ബേബി-സീന ദമ്പതികളുടെ മകൻ ഷിനുമോൻ (19) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെയാണ് അപകടം. തിരുവനന്തപുരം ചിറ്റാഴ ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകനും നാലാഞ്ചിറ ജയ മാതാ ഐ.ടി.ഐ വിദ്യാർഥിയുമായിരുന്നു ഷിനുമോൻ.പി.എസ്.സി പരീക്ഷ എഴുതുന്നതിന് ചവറയിലേക്ക് ബൈക്കിൽ വരവേ ഇത്തിക്കര പാലത്തിന് സമീപം െവച്ചാണ് അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ ബൈക്കിനെ ഇടിക്കുകയും പിന്നിൽനിന്ന് വന്ന മറ്റൊരു കാർ വീണ്ടും ഇതേ ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ടു കാറുകളും അപകടശേഷം നിർത്താതെപോയി. ഷിനുമോൻ തൽക്ഷണം മരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നിർത്താതെപോയ രണ്ട് വാഹനങ്ങളും കണ്ടെത്തുന്നതിന് ചാത്തന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി തലസ്ഥാനത്തേക്ക് കൊണ്ടുപോയി. പിതാവ് വിദേശത്തുനിന്നും എത്തിയശേഷം ബുധനാഴ്ച പുനലൂർ കാഞ്ഞിരമല സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും. സഹോദരൻ: ഷിജു.