കാളികാവ്: കഴിഞ്ഞ ദിവസം പുല്ലങ്കോട് വെടിവെച്ച പാറയിൽ ബസിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ യുവാവ് മരിച്ചു. ഉദരംപൊയിലിലെ പിലാത്തോടൻ അബ്ദുൽ അസീസിെൻറ മകൻ അമൽ ഇഹ്സാൻ (23) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. നിലമ്പൂരിൽ നിന്ന് വയറിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീടിന് സമീപമെത്തിയപ്പോൾ ബസിലെ സീറ്റിൽ നിന്ന് എണീറ്റപ്പോൾ വീഴുകയായിരുന്നു. വെടിവെച്ചപാറ വളവിൽ പിൻഭാഗത്തെ വാതിൽ തുറന്നാണ് പുറത്തേക്ക് തെറിച്ചുവീണത്. വീഴ്ചയിൽ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഞായറാഴ്ച വൈകീട്ടോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. മാതാവ്: ഷഹർബാനു. സഹോദരങ്ങൾ: അമർ നിഷാൻ, അംജദ് ഷാൻ, അംന ഷഹർ. ഖബറടക്കം തിങ്കളാഴ്ച ഉദരംപൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.