കൊല്ലങ്കോട്: വീടിന് തീ പിടിച്ച് യുവതി പൊള്ളലേറ്റ് മരിച്ചു. മുതലമട കുറ്റിപ്പാടം മണലിയിൽ കൃഷ്ണെൻറ മകൾ സുമയാണ് (25) തിങ്കളാഴ്ച രാവിലെ പത്തരയോടെ മരിച്ചത്. വീടിനു മുകളിൽ തീപടർന്ന പുക ഉയർന്നതുകണ്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് അടഞ്ഞ നിലയിലായിരുന്നു. വാതിൽ പൊളിച്ചുമാറ്റിയാണ് തീയണച്ചത്. അടുക്കളക്കകത്തുള്ള പാചകവാതക സിലിണ്ടർ പുറത്തേക്ക് എത്തിക്കാനായതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.കൊല്ലങ്കോട് അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. സംസാരശേഷിയില്ലാത്ത സുമയുടെ വിവാഹം ഉറപ്പിക്കൽ ചടങ്ങ് മാർച്ച് 28നായിരുന്നു. ആഗസ്റ്റ് 22ന് കമ്പിളിച്ചുങ്കത്തിലെ യുവാവുമായി വിവാഹം നടക്കാനിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കിടപ്പുമുറിയിൽ വീടിെൻറ മേൽക്കൂര കത്തി കട്ടിലിനു മുകളിൽ വീണ നിലയിലായിരുന്നു. കട്ടിലിനടിയിലാണ് പൂർണമായി കത്തിയമർന്ന സുമയുടെ മൃതദേഹം കണ്ടെത്തിയത്. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജു കുമാർ, ചിറ്റൂർ ഡിവൈ.എസ്.പി കെ.സി. സേതു ഫോറൻസിക് വിദഗ്ധർ, എസ്.ഐ ഷാഹുൽ എന്നിവർ സ്ഥലം സന്ദർശിച്ചു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.