ഒറ്റപ്പാലം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിന് പിറകിൽ സഞ്ചരിച്ച വിദ്യാർഥി മരിച്ചു. ബൈക്കോടിച്ച സുഹൃത്തിന് ഗുരുതര പരിക്കേറ്റു. കാഞ്ഞിരക്കടവ് കാളംതൊടി വീട്ടിൽ സുധീർ - സോഫിയ ദമ്പതികളുടെ മകൻ ഷാഹിൻ ജാസ്സിൻ (18) ആണ് മരിച്ചത്. പൂളക്കുണ്ട് കുന്നത്ത് ഹുവൈസിനാണ് (18) പരിക്കേറ്റത്. ഒറ്റപ്പാലം - മണ്ണാർക്കാട് റോഡിൽ ചുനങ്ങാട് മുരുക്കുംപറ്റ സെൻററിന് സമീപം തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. അമ്പലപ്പാറ ഭാഗത്ത് നിന്ന് ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന ടിപ്പറും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നെന്നും ടിപ്പർ ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടമെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഷാഹിൻ ജാസ്സിനെയും ഹുവൈസിനെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷാഹിൻ മരിച്ചു. ഷാഹീൻ മുന്നൂർക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.