പരപ്പനങ്ങാടി: മൈസൂരുവിൽ കാർ മറിഞ്ഞ് പരിക്കേറ്റ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസർ രാജാമണി (46) മരിച്ചു. പരപ്പനങ്ങാടിയിൽ നിന്ന് കാണാതായ യുവതിയെ തേടി ബംഗളൂരുവിലേക്ക് പോയ അന്വേഷണ സംഘം സഞ്ചരിച്ച കാർ ഞായറാഴ്ചയാണ് മൈസൂരുവിൽ അപകടത്തിൽപെട്ടത്. സാരമായി പരിക്കേറ്റ രാജാമണിയെ ഉടൻ കർണാടകയിലെ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
കാറിലുണ്ടായിരുന്ന എസ്.ഐ സുരേഷ്, സിവിൽ പൊലീസ് ഓഫിസർ ഷൈജേഷ്, കാണാതായ യുവതി എന്നിവർക്ക് നിസ്സാര പരിക്കേറ്റു.
മരിച്ച രാജാമണി ചേളാരി പാണക്കാട് - വെള്ളായിപ്പാടത്തെ പരേതനായ മണ്ണഞ്ചേരി ഇമ്പിച്ചിക്കുട്ടൻ-അമ്മുണ്ണി ദമ്പതികളുടെ മകളും ചെട്ടിപ്പടി നെടുവ പൂവത്താംകുന്നു സ്വദേശി താഴത്തേൽ രമേശെൻറ ഭാര്യയുമാണ്. മക്കൾ: രാഹുൽ, രോഹിത്. സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, കൃഷ്ണൻ, സുനിൽ, കോമള, രജിത, രഞ്ജിത.