മേലാറ്റൂർ: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കീഴാറ്റൂർ വടക്കുംതലയിലെ പരേതനായ ഇല്ലിക്കൽ ഭാസ്കരെൻറ മകൻ ബാബു (43) ആണ് മരിച്ചത്. മേലാറ്റൂർ മറിയം ആശുപത്രിക്കു സമീപമുള്ള വർക്ഷോപ് (ബ്രദേഴ്സ് ഓട്ടോ ഗ്യാരേജ്) ജീവനക്കാരനാണ്. വെള്ളിയാഴ്ച പകൽ ഒന്നോടെ നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ എം.ഇ.എ എൻജിനിയറിങ് കോളജിനു സമീപം ഞാവൽപ്പടിയിലാണ് അപകടം. മേലാറ്റൂർ ഭാഗത്തേക്ക് വരുകയായിരുന്ന ബാബു സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന ലോറിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് നടക്കും. മാതാവ്: കുഞ്ഞു. ഭാര്യ: പ്രഭിത. മകൻ: ദക്ഷിത്. സഹോദരങ്ങൾ: കൃഷ്ണൻ, മോഹനൻ, ഉണ്ണികൃഷ്ണൻ, സരോജ ദേവി.