കാളികാവ്: പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കാളികാവ് അമ്പലക്കടവിലെ ഒ. മുഹമ്മദ് മുസ്ലിയാര് എന്ന കുട്ടി മുസ്ലിയാര് (93) നിര്യാതനായി. വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചരയോടെയായിരുന്നു നിര്യാണം. ഓടങ്ങാടന്‍ മമ്മദ് മുല്ലയുടെയും ഞരഞ്ഞിയില് ഫാത്തിമയുടെയും മകനായി 1928ല്‍ കാളികാവിന്നടുത്ത അമ്പലക്കടവില്‍ ജനിച്ച കുട്ടി മുസ്ലിയാര്, എടപ്പറ്റ മോയിന്‍ മുസ്ലിയാരുടെ കീഴില്‍ ഓത്തുപള്ളിയിലൂടെയാണ് പ്രാഥമിക പഠനം ആരംഭിച്ചത്. തുടര്‍ന്ന് പള്ളിശ്ശേരി, തുവ്വൂര്‍, കാളികാവ്, കരുവാരകുണ്ട്, വാഴക്കാട് എന്നിവിടങ്ങളിലായി 13 വര്‍ഷം ദര്‍സ് പഠനം നടത്തി. കേരളത്തിെൻറ വിവിധ ഭാഗങ്ങളില്‍ ദര്‍സ് നടത്തിയ കുട്ടി മുസ്ലിയാര് വാർധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമത്തിലായിരുന്നു.
മലപ്പുറം ജില്ലയിലെ വാഴയൂര്‍, കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദ അറബിക് കോളജ്, കോട്ടയം താഴത്തങ്ങാടി, ഈരാറ്റുപേട്ട, വാഴയൂര്‍, കണ്ണാടിപ്പറമ്പ്, നിലമ്പൂര്‍ ചന്തക്കുന്ന്, വെള്ളിപറമ്പ്, എടയാറ്റൂര്‍, തുവ്വൂര്‍, കോഴിക്കോട് പുതിയങ്ങാടി, കാരശ്ശേരി, എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. സമസ്ത മലപ്പുറം ജില്ല മുശാവറ അംഗം, നിലമ്പൂര്‍ താലൂക്ക് പ്രസിഡൻറ്, സുന്നി മഹല്ല് ഫെഡറേഷന് കാളികാവ് മേഖല പ്രസിഡൻറ് പദവികളും വഹിച്ചു. 2009 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: അബ്ദുല്‍ ഹമീദ് ഫൈസി (എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി), ആയിശ, ജമീല, ഡോ. അബ്ദുല്‍ ജലീല്‍ (വണ്ടൂര്‍ വി.എം.സി ഹയര്‍ സെക്കന്‍ഡറി അധ്യാപകന്), മുഹമ്മദലി ഫൈസി, മൈമൂന, റംലത്ത്. മരുമക്കള്‍: കുഞ്ഞമ്മദ് മുസ്ലിയാര് അല്‍ ഖാസിമി, ബഷീര്‍ ഫൈസി, അബ്ദുല്‍ നാസര്‍ ഫൈസി, സഹ്ല, ഉനൈസ, റൈഹാനത്ത്, പരേതനായ സുലൈമാന്‍ ഫൈസി മാളിയേക്കല്‍.