വിഷം ഉള്ളിൽ ചെന്നതായി സംശയം
കുളത്തൂപ്പുഴ: ഛർദിച്ച് അവശനിലയിലായ യുവാവ് ആശുപത്രിയില്‍ മരിച്ചു. കുളത്തൂപ്പുഴ കായിക്കര കുന്നുംപുറം ചരുവിള പുത്തന്‍വീട്ടില്‍ ജയിംസിെൻറയും പരേതയായ അമ്മിണിയുടെയും മകന് ജെ. ഷിജു (38) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് ഷിജുവിന് ഛർദില്‍ ബാധിച്ചത്. വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ സുഹൃത്ത് എത്തിയാണ് കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അവശനിലയിലായ യുവാവിനെ വിദഗ്ധ ചികിത്സക്ക് പുനലൂര്‍ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ആശുപത്രിയില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിക്കവെ ഷിജു വരാന്തയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വാഹനം വിളിക്കാനായി പുറത്തുപോയ സുഹൃത്ത് മടങ്ങിയെത്തിയപ്പോഴേക്കും ഷിജു മരിച്ചു. കുളത്തൂപ്പുഴ പൊലീസെത്തി മൃതദേഹ പരിശോധന പൂര്‍ത്തിയാക്കി പുനലൂര്‍ താലൂക്കാശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.