തിരുവനന്തപുരം: പ്രശസ്ത സംസ്കൃതപണ്ഡിതനും അധ്യാപകനുമായിരുന്ന പണ്ഡിതരത്നം പ്രഫ. ആര്. വാസുദേവന്‍പോറ്റി (92) നിര്യാതനായി. സംസ്കാരം പുത്തന്‍കോട്ട മുക്തികവാടത്തില് നടന്നു. കര്‍ണാടകയിലെ മംഗലാപുരത്തിനടുത്ത് കൊക്കടയിലാണ് ജനിച്ചത്. പഠിച്ചതും വളര്‍ന്നതും കേരളത്തിലായിരുന്നു. തിരുവനന്തപുരം ഗവ. സംസ്കൃത കോളജില്‍നിന്ന് മഹാമഹോപാധ്യായ ബിരുദം നേടിയശേഷം സംസ്കൃതവ്യാകരണത്തിലും ഹിന്ദിയിലും എം.എ ബിരുദം കരസ്ഥമാക്കി. വിവിധ കോളജുകളില്‍ സംസ്കൃതം വേദാന്തം അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1984ല്‍ സര്‍വിസില്‍നിന്ന് വിരമിച്ചു. ഭാര്യ: പരേതയായ സുന്ദരിഅമ്മാള്. മക്കള്‍: ശ്യാമളകുമാരി, പത്മജദേവി, രാമചന്ദ്രന്, മഞ്ജു.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ വേദാന്തവിഭാഗം പ്രഫസര്‍, ഫാക്കല്‍റ്റി ഡീന്‍, വര്‍ക്കല ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ വേദാന്തം പ്രഫസര്‍, ആലുവ ചിന്മയ ഇൻറര്‍നാഷനല്‍ സെൻററിലെ ഓണററി വിസിറ്റിങ് പ്രഫസര്‍, യു.ജി.സിയുടെ വിവിധ അക്കാദമിക്ക് സ്റ്റാഫ് കോളജുകളിലെ വിസിറ്റിങ് ഫാക്കല്‍റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കൃതത്തിലെ വ്യാകരണവേദാന്ത വിഭാഗങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ക്ക് അദ്ദേഹം വ്യാഖ്യാനം തയാറാക്കിയിട്ടുണ്ട്. സര്‍വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിലും സ്കൂള്‍ പാഠപുസ്തകസമിതിയിലും പ്രവര്‍ത്തിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സംസ്കൃത ഉപദേശകസമിതിയിലും അംഗമായിരുന്നു. ന്യൂഡല്‍ഹി, രാജസ്ഥാന്, തിരുപ്പതി സര്‍വകലാശാലകളില്‍ അതിഥി അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളം എന്‍സൈക്ലോപീഡിയ നിഘണ്ടുവിെൻറ അസിസ്റ്റൻറ് എഡിറ്ററായിരുന്നു.
ഗുരുപവന പുരേശസ്തവ വ്യാഖ്യാനം, ഭോജപ്രബന്ധ പരിഭാഷ, ലഘുസിദ്ധാന്ത കൗമുദി പരിഭാഷ, മാധ്വാചാര്യെൻറ ഗ്രന്ഥങ്ങളുടെ പരിഭാഷ തുടങ്ങിവ അദ്ദേഹത്തിെൻറ പ്രധാന കൃതികളാണ്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ഓണററി ഡി ലിറ്റ്, വേദാന്ത മെഡല്‍ (തൃപ്പൂണിത്തുറ), പട്ടാമ്പിയില്‍നിന്ന് ശാസ്ത്രരത്ന മെഡല്‍, പണ്ഡിതരത്നം, മാതാ അമൃതാനന്ദമയി മഠം വക അമൃതകീര്‍ത്തി തുടങ്ങിയ ബഹുമതികള്‍ നേടിയിട്ടുണ്ട്.