ശാസ്താംകോട്ട: അറ്റകുറ്റപ്പണിക്കിടെ ഇലക്ട്രിക് പോസ്റ്റിൽനിന്ന് വീണ് ലൈൻമാൻ മരിച്ചു. തെക്കൻ മൈനാഗപ്പള്ളി ജയാ നിവാസിൽ ജയകുമാർ (42) ആണ് മരിച്ചത്. ശൂരനാട് മറ്റത്ത് ജങ്ഷനിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ എൽ.ടി ലൈനിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ശൂരനാട് ഇലക്ട്രിക്കൽ സെക്ഷനിലെ വർക്കറായിരുന്നു. മൈനാഗപ്പള്ളി സെക്ഷനിൽ കരാർ വ്യവസ്ഥയിൽ മീറ്റർ റീഡറായി ജോലി ചെയ്തുവന്ന ജയകുമാർ രണ്ട് വർഷം മുമ്പാണ് വർക്കർ തസ്തികയിൽ പ്രവേശിച്ചത്. ശൂരനാട് വടക്ക് പഞ്ചായത്തിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിലും കാറ്റിലും തകരാറിലായ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അത്യാഹിതം. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രമ്യ. മക്കൾ: ശ്രേയസ്, ശ്രേയ.