മുപ്പതോളം പേർക്ക് പരിക്ക്
കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം പൊലീസ് സ്റ്റേഷനു സമീപം കെ.എസ്.ആർ.ടി.സി ബസും മിനിലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും എതിർ ദിശയിൽ വന്ന മിനി വാനുമാണ് കൂട്ടിയിടിച്ചത്. മിനി വാൻ ഓടിച്ചിരുന്ന ആലപ്പുഴ പുന്നപ്ര വണ്ടാനം പുതുവൽ വീട്ടിൽ മുഹമ്മദ് കുഞ്ഞിെൻറ മകൻ മുനീർ (31) ആണ് മരിച്ചത്. സുഹൃത്ത് വണ്ടാനം സ്വദേശി അനീഷിെൻറ നില ഗുരുതരമാണ്. ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
മിനി വാനിെൻറ മുൻവശം പൂർണമായും തകർന്നു. അമിത വേഗത്തിൽ തെറ്റായ ദിശയിലായിരുന്നു മിനിവാനെന്ന് പൊലീസ് പറഞ്ഞു. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽപെട്ട വാഹനങ്ങൾ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പരിക്കേറ്റവരെ ചാത്തമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം കഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ നാവായിക്കുളം മങ്ങാട്ടു വാതുക്കലിൽ കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് എതിർദിശയിൽ വരികയായിരുന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി താഴ്ചയിലേക്കിറങ്ങി. വശത്തെ സംരക്ഷണക്കല്ലിൽ ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവായി. ബസിനുള്ളിൽ 22 യാത്രക്കാരാണുണ്ടായിരുന്നത്. നാലോളം പേർക്ക് നിസ്സാര പരിക്കേറ്റു.
ആദ്യ അപകടത്തിലെ ബസ് ഡ്രൈവർ പുരവൂർ സ്വദേശി സന്തോഷ് കുമാർ, കണ്ടക്ടർ ആറ്റിങ്ങൽ അവനവൻചേരി സ്വദേശി ട്വിസി എന്നിവർക്കും ബസ് യാത്രികരായ കല്ലട സ്വദേശികളായ വത്സല, പ്രസാദ്, കുളച്ചൽ സ്വദേശികളായ യൂജീൻ, രാജേഷ്, ചാത്തന്നൂർ സ്വദേശി സജിത, പുന്നപ്ര സ്വദേശി അനീഷ്, കല്ലൻകോട് സ്വദേശികളായ റൂബിൻ, വിൽബർട്ട്, ആറ്റിങ്ങൽ സ്വദേശി സരളാ മണി, രാമനാഥപുരം വീര മുഹിയിദ്ദീൻ, നാഗർകോവിൽ സ്വദേശി വില്യം, കുളച്ചൽ സ്വദേശി രാജു, രാമനാഥപുരം സ്വദേശി മുത്തുകൃഷ്ണൻ, ചാത്തന്നൂർ സ്വദേശികളായ നിതീഷ്, അഖിലേഷ്, സുജിൻ, കല്ലുവാതുക്കൽ സ്വദേശിനി ഗീത, ചിറയിൻകീഴ് സ്വദേശി വിനോദ്, തമിഴ്നാട് സ്വദേശി റസീൽ, ആറ്റിങ്ങൽ സ്വദേശി പ്രണവ്, അനൂപ്, നെടുമങ്ങാട് സ്വദേശി അക്ഷയ്, പരവൂർ സ്വദേശി സന്തോഷ് കുമാർ, കുളച്ചൽ സ്വദേശി ആൻറണി, കൊല്ലം സ്വദേശി ജയകുമാർ അവനവൻ ചേരി എന്നിവർക്കുമാണ് പരിക്കേറ്റത്. രണ്ടപകടങ്ങളും നടക്കുമ്പോൾ നല്ല മഴയുണ്ടായിരുന്നു.