തിരുവനന്തപുരം: എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) പാര്‍ട്ടി മുന്‍ പോളിറ്റ് ബ്യൂറോ അംഗവും ട്രേഡ് യൂനിയന്‍ എ.ഐ.യു.ടി.യു.സിയുടെ മുന്‍ പ്രസിഡൻറുമായ കൃഷ്ണ ചക്രവര്‍ത്തി (87) കൊല്‍ക്കത്തയില്‍ നിര്യാതനായി. കൃഷ്ണ ചക്രവര്‍ത്തിയുടെ നിര്യാണത്തില്‍ എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ദീര്‍ഘകാലമായി ശ്വാസകോശ അസുഖംമൂലം ചികിത്സയിലായിരുന്നു. കൊല്‍ക്കത്ത ഹാര്‍ട്ട് ക്ലിനിക് ആൻഡ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കേരളത്തിലെ സംഘടന ചുമതലയുണ്ടായിരുന്ന കൃഷ്ണ ചക്രവര്‍ത്തി പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്.
1960കളുടെ അവസാന കാലത്ത് പ്രവര്‍ത്തനമാരംഭിച്ച കേരളത്തില്‍, പാര്‍ട്ടിയുടെ ആദ്യത്തെ ബാച്ച് മുഴുവന്‍സമയ സംഘാടകരെ വളര്‍ത്തിയെടുക്കുന്നതില്‍ പങ്കുവഹിച്ചു. കൃഷ്ണ ചക്രവര്‍ത്തിയുടെ വിയോഗത്തില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം പാര്‍ട്ടി കേന്ദ്ര കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി ഓഫിസുകളില്‍ ഈ ദിവസങ്ങളില്‍ പതാക പകുതി താഴ്ത്തിക്കെട്ടും.