പത്തനംതിട്ട: സൈബർ വിദഗ്ധൻ അയിരൂർ മതാപാറ കൈപ്പള്ളി തടത്തിൽ ബിനോഷ് അലക്സ് ബ്രൂസ് (40) നിര്യാതനായി. കോവിഡ് നെഗറ്റിവ് ആയെങ്കിലും തുടർ ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ച നാല് മണിക്കായിരുന്നു അന്ത്യം. വൃക്കരോഗം ഉൾെപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന ബിനോഷിന് കോവിഡ് ബാധയെ തുടർന്ന് ന്യൂമോണിയ ബാധിക്കുകയും രോഗാവസ്ഥ ഗുരുതരമാകുകയുമായിരുന്നു. ഏപ്രിൽ 24ന് ഇദ്ദേഹത്തെ കോവിഡ് ഐ.സി.യുവിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ തുടരുന്നതിനിടെയാണ് മരണം. മൃതദേഹം വ്യാഴാഴ്ച നാടായ അയിരൂരിൽ എത്തിക്കും. ബ്രൂസ് തടത്തിലിെൻറയും റിട്ട. അധ്യാപിക അന്നമ്മ എബ്രഹാമിെൻറയും മകനാണ്. സൈബർ സുരക്ഷ വിദഗ്ധനും എത്തിക്കൽ ഹാക്കറുമായിരുന്ന ബിനോഷ് മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബി.എ ഇക്കണോമിക്സ് ബിരുദം നേടിയശേഷം ബിസിനസ് ലോയിൽ ബിരുദാനന്തര ബിരുദം ചെയ്തു. തുടർന്ന് എത്തിക്കൽ ഹാക്കിങ് രംഗത്തേക്ക് എത്തുകയായിരുന്നു. എത്തിക്കൽ ഹാക്കിങ്ങിലും സർട്ടിഫൈഡ് ഹൈക്കിങ് ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ കോഴ്സുകളും പൂർത്തിയാക്കിയാണ് മേഖലയിൽ വൈദഗ്ധ്യം നേടിയത്. തുടർന്ന് കൊച്ചിയിൽ സൈബർ സുരക്ഷ കൺസൾട്ടൻസി ആരംഭിക്കുകയും കോർപറേറ്റ് സ്ഥാപനങ്ങൾക്കും സെലിബ്രിറ്റികൾക്കും സുരക്ഷ ഉപദേശങ്ങൾ നൽകുകയും ചെയ്തു വരികയായിരുന്നു. ശശിതരൂരിെൻറയും ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറയും ഉൾെപ്പടെ സൈബർ സുരക്ഷ ഉപദേഷ്ടാവായിരുന്നു. സ്പ്രിൻക്ലർ വിഷയത്തിൽ ഡാറ്റാ ചോർച്ച ഉയർത്തിക്കാണിച്ച് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയവരിൽ ഒരാൾ ബിനോഷായിരുന്നു. സംസ്കാരം പിന്നീട്.