ഹരിപ്പാട്: ഒഴുക്കിൽപെട്ട് കാണാതായ യുവാവിെൻറ മൃതദേഹം ലഭിച്ചു. പള്ളിപ്പാട് തെക്കേക്കര കിഴക്ക് നാച്ചി വീട്ടിൽ ഭാസ്കരെൻറ മകൻ രമേശാണ് (37) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ പള്ളിപ്പാട് നാലുകെട്ടും കവലക്കുസമീപം എത്തിയ രമേശും സുഹൃത്തുക്കളായ രാജു, കൃഷ്ണകുമാർ എന്നിവരും അവിടെനിന്ന് പാടത്തിന് സമീപത്തെ റോഡിലൂടെ നടക്കുമ്പോൾ രമേശ് കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഹരിപ്പാട് പൊലീസ്, അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്തെത്തി ഏറെ തിരഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ സംഭവ സ്ഥലത്തുനിന്ന് കുറച്ചുമാറി രമേശിെൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: രുഗ്മിണി. ഭാര്യ: ശാന്തി. മകൻ: അദ്വൈത് (6).