തിരുവനന്തപുരം: പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞയും ചിന്തകയുമായ ഡോ.കെ. ശാരദാമണി (93) നിര്യാതയായി. തിരുവനന്തപുരത്തെ അമ്പലംമുക്കിലുള്ള വസതിയിലായിരുന്നു അന്ത്യം. കൊല്ലം പട്ടത്താനം സ്വദേശിനിയായ ശാരദാമണി തിരുവനന്തപുരം വിമൻസ് കോളജ്, യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ഫ്രാൻസിൽ നിന്നാണ് സാമൂഹികശാസ്ത്രത്തിൽ പിഎച്ച്.ഡി നേടിയത്. ദീർഘകാലം ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്യോഗം വഹിച്ചിരുന്ന ശാരദാമണി ധാരാളം ഗവേഷണപ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സെമിനാറുകളിൽ പ്രബന്ധങ്ങളവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1950 കളിൽ ജനയുഗംപത്രത്തിൽ എഴുതിത്തുടങ്ങിയ ശാരദാമണി, നിഖിൽ ചക്രവർത്തിയുടെ ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മെയിൻ സ്ട്രീം വാരികയിൽ ദീർഘകാലം രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക വിഷയങ്ങളെപ്പറ്റി കോളം കൈകാര്യം ചെയ്തിരുന്നു. ജനയുഗത്തിെൻറ സ്ഥാപക പത്രാധിപരും ദി പാട്രിയട്ട്, യു.എൻ.ഐ എന്നിവയുടെ ഡൽഹിയിലെ ലേഖകനുമായിരുന്ന പ്രശസ്ത പത്രപ്രവർത്തകൻ ജനയുഗം ഗോപി എന്നറിയപ്പെടുന്ന എൻ. ഗോപിനാഥൻ നായരാണ് ഭർത്താവ്. മക്കൾ: ന്യൂറോ സയൻറിസ്റ്റ് ഡോ. ആശ, ജെ.എൻ.യുവിലെ അധ്യാപികയും ഇപ്പോൾ കേരള ചരിത്രഗവേഷണ കൗൺസിലിെൻറ (കെ.സി.എച്ച്.ആർ) ഡയറക്ടറുമായ ഡോ. അരുണിമ.