കുന്നിക്കോട്: കേബിൾ ടി.വി ജീവനക്കാരൻ വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് മരിച്ചു. കമുകുംചേരി കൂരാംവിള വീട്ടിൽ സോമൻപിള്ള-തങ്കമണി ദമ്പതികളുടെ മകൻ ബിനു എസ്. പിള്ള (സുനിൽ, 34) ആണ് മരിച്ചത്. ആവണീശ്വരം ഫ്രണ്ട്സ് കേബിൾ ടി.വി കേന്ദ്രത്തിലെ സർവീസ് ടെക്നീഷ്യനായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12ന് വിളക്കുടി കാവൽപുര ജങ്ഷനുസമീപത്തെ വീട്ടിലെ കേബിള്‍ കണക്ഷെൻറ തകരാര്‍ പരിഹരിക്കുന്നതിനിടയിലാണ് അപകടം. വൈദ്യുതി പോസ്റ്റില്‍ ചാരിയിരുന്ന ഏണിയില്‍ നിന്നും കാല്‍വഴുതി വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് കുന്നിക്കോടുള്ള സ്വകാര്യ ആശുപത്രിയിലും പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നിക്കോട് പൊലീസ് നടപടി പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സഹോദരി: സുനിത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.