തിരുവല്ല: എലിപ്പനി ബാധിച്ച് വേങ്ങൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു. പെരിങ്ങര വേങ്ങൽ മുണ്ടപ്പള്ളി കോളനി കോതകാട്ട് ചിറയിൽ രാജനാണ് (61) മരിച്ചത്. എലിപ്പനിയെ തുടർന്ന് രണ്ടാഴ്ചയായി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് അഞ്ചു ദിവസം മുമ്പ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ രാജൻ വ്യാഴാഴ്ച രാത്രി മരിച്ചു. കനത്ത മഴയെത്തുടർന്ന് രണ്ടാഴ്ചയായി ഇവരുടെ വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്. പ്രമേഹ രോഗിയായ രാജെൻറ കാലിൽ മുറിവുണ്ടായിരുന്നു. ഈ മുറിവിലൂടെയാകാം എലിപ്പനി ബാധിച്ചതെന്നാണ് നിഗമനം. സംസ്കാരം ശനിയാഴ്ച.