അടിമാലി: വയറുവേദന അനുഭവപ്പെട്ട യുവതി രക്തസ്രാവത്തെത്തുടർന്ന് മരിച്ചു.
സൂര്യനെല്ലി വടക്കുംചേരിൽ അനുവിെൻറ ഭാര്യ ബിബിയാണ് (28) മരിച്ചത്.
യഥാസമയം ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കെ.സി.വൈ.എം പ്രവർത്തകയായ ബിബിയും ഭർത്താവ് അനുവും കോവിഡ് ബാധിതർക്ക് കിറ്റ് തയാറാക്കാൻ വ്യാഴാഴ്ച വൈകീട്ട് സൂര്യനെല്ലി സെൻറ് ജോസഫ് പള്ളിയിൽ എത്തിയിരുന്നു.
വയറുവേദന അനുഭവപ്പെട്ട ബിബിയെ വൈകീട്ട് ഏഴരയോടെ സൂര്യനെല്ലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ, കോവിഡ് ഭീതിയുടെ പേരിൽ ആശുപത്രി അധികൃതർ ഗേറ്റ് തുറക്കാൻ വിസമ്മതിച്ചതായി കൂടെ ഉണ്ടായിരുന്നവർ പറയുന്നു. തുടർന്ന് ചിന്നക്കനാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ട് അദ്ദേഹത്തിെൻറ നിർേദശപ്രകാരം വയറുവേദനക്കുള്ള മരുന്ന് വാങ്ങി കഴിച്ചു.
വേദന കുറഞ്ഞെങ്കിലും വെള്ളിയാഴ്ച പുലർച്ച ഒന്നോടെ നില വഷളായി. രാവിലെ ആറിന് ബിബിക്ക് എഴുന്നേൽക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ഭർത്താവും ബന്ധുക്കളും ചേർന്ന് ആംബുലൻസിൽ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.