ചെങ്ങന്നൂർ: ദുബൈയിൽനിന്ന് 16 ദിവസം മുമ്പ് നാട്ടിലെത്തിയ യുവാവ് ഭാര്യവീടിന് സമീപം ഒഴുക്കില്‍പെട്ട് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തേവലക്കര സുനു ഭവനില്‍ ജോര്‍ജിെൻറ മകന് സുനുവാണ് (34) മരിച്ചത്.
ദുൈബയില്‍നിന്ന് അവധിക്ക് തേവലക്കരയിെല വീട്ടിലെത്തിയ സുനു ക്വാറൻറീനിൽ കഴിഞ്ഞതിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭാര്യവീടായ ചെന്നിത്തല തെക്കുംമുറി 18ാം വാർഡിൽ മുണ്ടുവേലിക്കടവിന് പടിഞ്ഞാറുള്ള ജോയിയുടെ കാരിക്കുഴി മാമ്പ്രതെക്കേതില് വീട്ടില്‍ കുടുംബസമേതം എത്തിയത്. രാത്രിയില്‍ ഭക്ഷണം കഴിഞ്ഞ് അയല്‍വാസികളായ സുഹൃത്തുക്കളുമായി നടന്നു പോകുന്നതിനിെട സി.വൈ.എം മന്ദിരത്തിന് സമീപത്തെ കലുങ്കിനടുത്തെത്തിയപ്പോള്‍ കാല് വഴുതി ശക്തമായ ഒഴുക്കുള്ള വെട്ടത്തേരി പുഞ്ചയിൽ വീണ് കാണാതാവുകയായിരുന്നു.
പുഞ്ചയിൽ രാത്രി നാട്ടുകാരും അഗ്നിരക്ഷാസേനയും ഏറെനേരം തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ നാട്ടുകാര്‍ വള്ളത്തില്‍ നടത്തിയ തിരച്ചിലാണ് വെള്ളത്തിൽ താഴ്ന്നുനിൽക്കുന്നനിലയിൽ കണ്ടെത്തിയത്. മൃതദേഹം നൂറനാട് ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ഷേര്‍ളി വര്‍ഗീസ് (ജോയിസ). ഏകമകന്: ഏദന്‍. സംസ്കാരം പിന്നീട്.