കോന്നി: കൊക്കാത്തോട്ടിൽ ആനയുടെ ആക്രമണത്തിൽ മരിച്ച മധ്യവയസ്കെൻറ മൃതദേഹം കണ്ടെത്തി. ഞായറാഴ്ചയാണ് ആദിവാസികൾക്കൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിലേക്കുപോയ കൊക്കാത്തോട് നെല്ലിക്കാപ്പാറ വടക്കേ ചരുവിൽ ഷാജി (49) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് പരിധിയിൽ ചെളിക്കലാറിന് സമീപത്തായി മൃതദേഹം കണ്ടത്.ഞായറാഴ്ച ഉച്ചക്കുശേഷം കോട്ടാംപാറ കുറിച്ചി വനമേഖലയിലാണ് സംഭവം നടന്നത്. പൊന്നാമ്പൂ അടക്കമുള്ള വനവിഭവങ്ങൾ ശേഖരിക്കാനാണ് ഷാജിയും സുഹൃത്തുക്കളായ റെജിയും സുനിലും അടങ്ങുന്ന നാലംഗസംഘം വനത്തിലേക്ക് പോയത്. ഇതിനിടെ, ഷാജി ആനയുടെ മുന്നിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് കൊക്കാത്തോട്, വടശ്ശേരിക്കര റേഞ്ച് ഓഫിസർമാർ, കോന്നി പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പത്തനംതിട്ടയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ശ്രീലേഖ. മക്കൾ: അഭിജിത്ത്, അഭിലാഷ്.